ഇന്ത്യ-നേപ്പാൾ ബന്ധം: സാമ്പത്തിക ഊന്നൽ

നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശനം വ്യാപാര-വികസന ബന്ധങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് 

June 09, 2023 11:04 am | Updated 11:04 am IST

നേപ്പാളിനേക്കാൾ ഇന്ത്യക്ക് അടുത്ത ബന്ധമുള്ള രാജ്യങ്ങൾ ചുരുക്കമാണ്. കാരണം, ഇന്ത്യക്കാർക്കും നേപ്പാളികൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ ഇരുരാജ്യങ്ങളും തുറന്ന അതിർത്തി പങ്കിടുന്നു. സാമ്പത്തിക, സുരക്ഷിത്വ, സാംസ്കാരിക വിഷയങ്ങളിലുള്ള ദൃഢമായ ബന്ധങ്ങളാണ് ഈ അടുപ്പത്തിന്റെ സവിശേഷത. നേപ്പാളിന്റെ ഒരു പ്രധാന വ്യാപാര, ഗതാഗത പങ്കാളിയായി തുടരുന്ന ഇന്ത്യയിൽ ധാരാളം നേപ്പാളികൾ ഉപജീവനമാർഗം തേടുകയോ ഉന്നത വിദ്യാഭ്യാസം നേടുകയോ ചെയ്യുന്നു. നേപ്പാളുമായുള്ള നല്ല ബന്ധം അയൽപക്കത്തെ സുരക്ഷയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും കൂടുതൽ സുഗമമായി കൈകാര്യം ചെയ്യാൻ ഇന്ത്യയെ സഹായിക്കുന്നു. എന്നിരുന്നാലും, കാലാപാനി പ്രദേശം സംബന്ധിച്ച അതിർത്തി തർക്കം മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം സമീപകാലത്ത് അത്ര സുഗമമല്ലാത്ത പാതയിലേയ്ക്ക് നീങ്ങിയിരുന്നു. ഇന്ത്യയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ഖഡ്ഗ പ്രസാദ് ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനത്തിന് ശേഷം, 2022-ന് മുൻപ് ഭരിച്ചിരുന്ന നേപ്പാളി കോൺഗ്രസ്സ്-മാവോയിസ്റ്റ് സഖ്യം അധികാരത്തിലെത്തുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷകൾ ഉയർത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ നടത്തിയ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ഈ തർക്കവിഷയം വിശദമായി പരിഗണിക്കപ്പെട്ടില്ല എന്നത് താരതമ്യേന ഒരു നല്ല ബന്ധത്തിലേക്ക് നീങ്ങുന്നതിന്റെ തുടക്കമായി കണക്കാക്കാം. കൂടുതൽ പ്രധാനമായി, രാജ്യങ്ങൾ തമ്മിൽ ഊർജ്ജ മേഖലയുടെ വികസനത്തിലും വ്യാപാരത്തിലും സഹകരണം വർധിപ്പിക്കാനുള്ള തീരുമാനത്തിലൂടെ സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കുന്നതിൽ പുരോഗതി കൈവരിച്ചു. പത്ത് വർഷത്തിനുള്ളിൽ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി 10,000 മെഗാവാട്ടായി വർധിപ്പിക്കാനുള്ള കരാറിന്റെ അന്തിമരൂപം, പുതിയ ട്രാൻസ്മിഷൻ ലൈനുകളുടെ വികസനം, സിലിഗുരിയ്ക്കും ജാപ്പയ്ക്കും ഇടയിൽ പെട്രോളിയം വിതരണ പൈപ്പ് ലൈൻ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം, നിലവിലുള്ള പൈപ്പ് ലൈനുകളുടെ വിപുലീകരണം, പുതിയ ടെർമിനലുകൾ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തീരുമാനമെടുത്തു. എന്നാൽ നേപ്പാളിലെ ജലവൈദ്യുതി പദ്ധതികൾ ഉല്പാദിപ്പിക്കുന്ന ഊർജ്ജം ഇന്ത്യയിലൂടെ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ഇന്ത്യൻ നിർദ്ദേശം മുന്നോട്ടുകൊണ്ടുപോകാനുള്ള കരാറാണ് സന്ദർശനത്തിൽ എടുത്തുകാട്ടേണ്ട പ്രധാന വിഷയം.

ഈ കരാറുകൾ യാഥാർത്ഥ്യമാകുമ്പോൾ ദഹലിന്റെ സന്ദർശനത്തിന്റെ വിജയം വിലയിരുത്തപ്പെടും. റെയിൽവേ ലൈനുകൾ, ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം തുടങ്ങിയ സമീപകാല ഇന്ത്യൻ സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി പ്രോത്സാഹനം അർഹിക്കുന്നു. വികസന പദ്ധതികളിൽ കേന്ദ്രീകരിച്ച സമീപനം സ്വീകരിക്കുന്നതിലൂടെ നേപ്പാളുമായുള്ള ബന്ധം വിപുലീകരിക്കാൻ ഇന്ത്യ നൽകുന്ന ഊന്നൽ, നേപ്പാളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേക്കുള്ള ബൃഹത്തായതും എന്നാൽ പ്രായോഗികമല്ലാത്തതുമായ ചൈനീസ് നയത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കൂടാതെ, സമീപ വർഷങ്ങളിൽ നേപ്പാളിന്റെ സങ്കീർണ്ണമായ ആന്തരിക രാഷ്ട്രീയ സംഭവവികാസങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദം, പ്രത്യേകിച്ചും കഴിഞ്ഞ ദശാബ്ദത്തിലെ മാധേസി പ്രക്ഷോഭങ്ങളിൽ ഇന്ത്യ ഇടപെട്ടു എന്ന ധാരണമൂലം തീവ്ര ദേശീയവാദികൾ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയ പശ്ചാത്തലത്തിൽ. സാമ്പത്തിക സഹകരണത്തിന് ഊന്നൽ നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ നല്ല നിലയിലാക്കേണ്ടതാണെങ്കിലും, അതിർത്തി പ്രശ്‌നം വഴിയേ പരിഹരിക്കപ്പെടുമെന്ന് കരുതി മാറ്റിവെക്കാൻ രണ്ടു സർക്കാരുകൾക്കും കഴിയില്ല. മുന്നോട്ട് പോകെ, പ്രശ്‌നം ചർച്ച ചെയ്യുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമുള്ള വഴികൾക്ക് മുൻ‌തൂക്കം നൽകണം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.