കുതിപ്പിനൊപ്പം നീങ്ങുമ്പോൾ 

സാമ്പത്തിക, ധനപരമായ നടപടികൾ വരും പാദങ്ങളിൽ വളർച്ചയ്ക്ക് സഹായകരമായിരിക്കണം

June 02, 2023 11:17 am | Updated 11:17 am IST

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ മാർച്ചിൽ അവസാനിച്ച 12 മാസത്തെ ദേശീയ വരുമാനത്തിന്റെ താൽക്കാലിക അനുമാനങ്ങളും നാലാം പാദത്തിലെ ജി.ഡി.പി അനുമാനങ്ങളും കഴിഞ്ഞ വർഷത്തെ തടസ്സങ്ങൾക്കിടയിലും കുതിപ്പ് നിലനിർത്തിയ സമ്പദ്‌വ്യവസ്ഥയുടെ ചിത്രം നൽകുന്നു. മൊത്ത ആഭ്യന്തര ഉൽപ്പാദനം ജനുവരി-മാർച്ച് പാദത്തിൽ 6.1 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് മുഴുവൻ വർഷത്തെ വളർച്ചയുടെ വേഗത, മുമ്പ് പ്രവചിച്ചതിനേക്കാൾ കൂടുതലായി 7.2 ശതമാനത്തിലേക്ക് ഉയർത്താൻ സഹായിച്ചു. നാലാമത്തെ പാദത്തിലെ മൊത്ത മൂല്യവർദ്ധിത വരുമാനം അതിന് മുൻപത്തെ പാദത്തിലെ വളർച്ചയെ അപേക്ഷിച്ച് വിശാലാടിസ്ഥാനത്തിൽ ഉയർച്ച രേഖപ്പെടുത്തി. എട്ട് ജി.വി.എ. മേഖലകളിൽ രണ്ടെണ്ണം – അവശ്യ സേവന മേഖലയും (വൈദ്യുതി, ഗ്യാസ്, ജലവിതരണം ഉൾപ്പെടെ) വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണം തുടങ്ങിയ സേവനങ്ങളും മാത്രമാണ് വളർച്ചയിൽ മാന്ദ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ നാലാം പാദവുമായി തുലനം ചെയ്യുമ്പോൾ ശക്തമായ 10.4 ശതമാനം വർദ്ധനവ് കൊണ്ട് നിർമ്മാണം വിവിധ മേഖലകളുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. കൂടാതെ, സേവന മേഖലകൾ മൊത്തത്തിലുള്ള ജി.വി.എ. ഉയർത്തി. മൂന്നാം പാദത്തിൽ  9.6 ശതമാനം മാന്ദ്യം രേഖപ്പെടുത്തിയിട്ടും, സേവന മേഖലയിൽ വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം എന്നിവ നാലാം പാദത്തിൽ 9.1 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ജി.വി‌.എ.യിൽ ഏറ്റവും വലിയ വിഹിതമുള്ള ഈ മേഖല, കോവിഡ്-19 ഭീതി കുറഞ്ഞ പശ്ചാത്തലത്തിൽ യാത്രകൾ വർധിച്ചതോടെ ആരോഗ്യകരമായ 13.1 ശതമാനം തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. ഡിസംബറിലെ പാദത്തിലെ സങ്കോചത്തിൽ നിന്ന് 4.5 ശതമാനം വളർച്ചയിലേക്ക് കുതിച്ചുയർന്ന നിർമ്മാണ മേഖലയും ഒരു ആശ്വാസമായിരുന്നു. നിർമ്മാണ ജി.വി.എ. മൂന്നാം പാദത്തെ അപേക്ഷിച്ച് 20.4 ശതമാനം തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. ഇത് എസ്&പി ഗ്ലോബലിന്റെ സർവേ അടിസ്ഥാനമാക്കിയുള്ള പർച്ചേസിംഗ് മാനേജർമാരുടെ സൂചിക അടുത്ത മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത സുസ്ഥിരമായ വിപുലീകരണങ്ങളെ പ്രതിഫലിപ്പിക്കുന്നു.

വാസ്തവത്തിൽ, 2021 ജനുവരി മുതൽ ഫാക്‌ടറി ഓർഡറുകൾ അതിവേഗം ഉയർന്നുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ പി.എം.ഐ, ആഗോള സാമ്പത്തിക മാന്ദ്യം, ഉയർന്ന സാമ്പത്തിക അനിശ്ചിതത്വത്തിന്റെ അപകടസാധ്യതകൾ എന്നിവയിൽ നിന്ന് ഈ വർഷം ശക്തമായ തടസ്സങ്ങൾ നേരിടുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു സ്വാഗതാർഹമായ സൂചകവും കരുതൽ ശേഖരവുമാണ്. നിക്ഷേപ പ്രവർത്തനങ്ങളുടെ പ്രതിരൂപമായ മൊത്ത സ്ഥിര മൂലധന രൂപീകരണം (ജി.എഫ്.സി.എഫ്) നാലാം പാദത്തിൽ ഊർജം വീണ്ടെടുത്തതിലേക്കും എൻ.എസ്.ഒ. ഡാറ്റ വിരൽ ചൂണ്ടുന്നു. ജി.എഫ്.സി.എഫ്. ആരോഗ്യകരമായി 8.9 ശതമാനം വാർഷികമായും, കൂടുതൽ ശക്തമായി 20.8 ശതമാനം തുടർച്ചയായും വർദ്ധിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റ് ചിലവേറിയ പൊതു മരാമത്ത് ജോലികൾക്കുമായി സർക്കാരിന്റെ വർധിച്ച മൂലധന ചെലവ് വലിയ അളവിൽ ഇതിനെ സഹായിച്ചു. ഈ മൂലധന നിക്ഷേപത്തിന്റെ ഗുണിത ഫലവും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ, നിക്ഷേപ ചെലവിലെ പുരോഗതി ഈ വർഷത്തെ സാമ്പത്തിക അവലോകനത്തിന് നല്ലതാണ്. ചോദനയ്ക്ക് പ്രധാനമായും ഉത്തെജനം നൽകുന്ന സ്വകാര്യ ഉപഭോഗം ഇനിയും ഒരു ഉറച്ച അടിത്തറ വീണ്ടെടുത്തിട്ടില്ല എന്ന വസ്തുതയ്ക്കും അതേ ജി.ഡി.പി. കണക്കുകൾ അടിവരയിടുന്നു. സ്വകാര്യ ഉപഭോഗം മാർച്ച് പാദത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് യഥാർത്ഥത്തിൽ 3.2 ശതമാനം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. ജി.ഡി.പിയിൽ സ്വകാര്യ ഉപഭോഗത്തിന്റെ വിഹിതം എട്ട് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ 55 ശതമാനമായി ചുരുങ്ങി. ഈ വർഷം മഴക്കുറവിന് കാരണമാകുന്ന എൽ നിനോയുടെ സാധ്യത ഏറെക്കുറെ ഉറപ്പായതിനാൽ, കാർഷിക ഉൽപ്പാദനത്തിനെക്കുറിച്ചും അനുബന്ധ ഗ്രാമീണ ചെലവുകളെകുറിച്ചുമുള്ള അവലോകനം ഇപ്പോൾ വ്യക്തമല്ല. അതിനാൽ, സാമ്പത്തിക, ധനപരമായ നടപടികൾ വരുംപാദങ്ങളിൽ വളർച്ചയ്ക്ക് സഹായകമായി തുടരുമെന്ന് നയനിർമ്മാതാക്കൾ ഉറപ്പാക്കണം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.